തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ടുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍,തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സിംഗിള്‍ ഡ്യൂട്ടിയിലെ അപാകതകള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.പിരിച്ചുവിട്ട 141 താല്‍കാലിക ജീവനക്കാരെ പുനപ്രവേശിപ്പിക്കാമെന്നും യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി.ഡ്യൂട്ടിക്കിടയില്‍ അപകടം സംഭവിച്ചവര്‍ക്കും ഗുരുതരമായ രോഗം ബാധിച്ചവരുമായവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി തന്നെ അദര്‍ഡ്യൂട്ടി അനുവദിക്കും. അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ ഇത് പരിഗണിക്കും.
മറ്റ് തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഈ മാസം 17ന് ഗതാഗതമന്ത്രിയും തൊഴില്‍ മന്ത്രിയും വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് ഉറപ്പും നല്‍കിയതിനെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.