തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്ന് ടി. ഡി.എഫ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. നവംബര്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. അഞ്ച് മാസത്തെ പെന്‍ഷനാണ് കുടിശ്ശികയായിരിക്കുന്നത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. ഇത് എന്ന് നല്‍കുമെന്നു പറയാന്‍പോലും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ജോലി ചെയ്തതിന്റെ കൂലിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനെട്ട് മാസവും ശമ്പളം മുടങ്ങി. സെപ്തംബര്‍ 30-നകം പെന്‍ഷന്‍ കുടിശ്ശികയും ശമ്പളം മുടങ്ങാതെയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പോലും ഇത്രമാത്രം പെന്‍ഷന്‍ കുടിശ്ശികയില്ല.
ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ശമ്പളവും പെന്‍ഷനും നല്‍കിയോ എന്ന് തിരക്കാന്‍ പോലും സമയമില്ല. ശമ്പളം മുടങ്ങാതെ നല്‍കിയ യു.ഡി.എഫ് ഭരണകാലത്ത് പെന്‍ഷന്‍ നല്‍കാന്‍ മണിക്കൂര്‍ ഒന്ന് വൈകിയാല്‍ സമരവുമായി ഇറങ്ങുന്ന ഇടതുപക്ഷ യൂണിയനുകള്‍ ഭരണം മാറിയതോടെ നിശബ്ദജീവികളായിരിക്കുന്നു. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ മനുഷ്യസാധ്യമല്ലാത്ത അദ്ധ്വാനഭാരം അടിച്ചേല്‍പ്പിച്ചതിനു പുറമെ തുടര്‍ച്ചയായി നടത്തുന്ന തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളിലൂടെ സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണ്. ഒരൊറ്റ പുതിയ ബസ് പോലും ഇറക്കാതെയാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടന സര്‍വ്വീസ് നടത്തുന്നത്. ഇത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇതിലൂടെ കളക്ഷനുള്ള സര്‍വ്വീസുകള്‍ റദ്ദ് ചെയ്ത് ശബരിമലയ്ക്ക് അയക്കേണ്ടതുകൊണ്ട് വരുമാനത്തകര്‍ച്ചയും യാത്രാ ക്ലേശവും ഗുരുതരമാണ്. ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി കുടുംബങ്ങളെ പട്ടിണിക്കിട്ടുകൊണ്ട് ആഹ്ലാദിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഒരു നിര്‍ബന്ധിത പണിമുടക്കിലേക്ക് കെ.എസ്.ആര്‍.ടി.സി. തൊഴിലാളികളെ തള്ളിവിടാതെ നവംബറിലെ ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ നല്‍കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തയ്യാറാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.