ഒരാൾക്ക് ഒരു പദവി, അതായതു ജനപ്രതിനിധികളെ ഒഴിവാക്കി കെ പി സി സി ഭാരവാഹികളെ നിയമിക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങളെ കോൺഗ്രസ്സിലെ പ്രബല ഗ്രൂപ്പുകൾ അട്ടിമറിച്ചിരുന്നു .ഉമ്മൻ ചാണ്ടി ഒരു പരിധി വരെ അനുകൂലിച്ചെങ്കിലും രമേശ് ചെന്നിത്തല ഭാരവാഹികളായി ജനപ്രതിനിധികളും വേണമെന്ന വാശിയിലായിരുന്നു .


പ്രവർത്തനമികവ് പുനഃസംഘടനയിൽ മാനദണ്ഡമായില്ല എന്ന അഭിപ്രായത്തിലാണ് ഹൈകമാൻഡ്,കടുത്ത അതൃപ്തിയിലുമാണ് .ഭാരവാഹികളിൽ ഉണ്ടായിരിക്കുന്ന എണ്ണക്കൂടുതലും കോൺഗ്രസ് ഹൈക്കമാൻഡിന്   സ്വീകാര്യമല്ല .പട്ടിക വലുതായി എന്ന ഹൈക്കമാൻഡ് പരാതിയുടെ ഇടയിലും സാധിക്കുമെങ്കിൽ ജോസഫ് വാഴയ്ക്കാനെ കൂടി കെ പി സി സിയുടെ വർക്കിംഗ് പ്രസിഡണ്ട് ആക്കാൻ ഐ വിഭാഗം ശ്രമം തുടരുന്നു .

കേരളത്തിലെ ഗ്രൂപ്പുകൾക്കെതിരെ എത്രകണ്ട് ഹൈക്കമാൻഡിന് പിടിച്ചു നിൽക്കാനാകും എന്നതാണ് അറിയേണ്ടത് .അമേറ്റിയിൽ തോറ്റ രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ അഭയം നൽകിയ സംസ്ഥാനം എന്ന നിലയിൽ ഉള്ള മേൽക്കോയ്മ തന്നെയാണ് കേരളത്തിലെ നേതാക്കന്മാരുടെ തുറുപ്പുചീട്ട് . വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് സോണിയ ഗാന്ധി വിദേശത്തു പോകും ,അതിനു മുൻപ് പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുൾ വാസനിക് ശ്രമിക്കുന്നത് .