തിരുവനന്തപുരം:ശബരിമലസംഘര്‍ഷത്തില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോര്‍ട്ടില്‍ പോലീസിന് പറ്റിയത് വലിയ പിഴവുകള്‍. ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് തെറ്റു സംഭവിച്ചത്.പിന്നീട് പിഴവ് മനസ്സിലാക്കിയ പോലീസ് തിരുത്തല്‍ വരുത്തി പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി.
ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.പമ്പ പോലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ കോടതി നിലയ്ക്കലില്‍ പൊലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പൊലീസ് പുതിയ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ നല്‍കി.സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്.ഇതില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകള്‍ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്.
കോടതിയെ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയായിരുന്നില്ല.ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസ് തെറ്റിദ്ധരിച്ച് സുരേന്ദ്രന്റെ പേരിലാക്കി റിപ്പോര്‍ട്ടിലുള്‍പ്പെടുത്തി. ബിജെപിയുടെ സമരവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും സുരേന്ദ്രന്‍ പ്രതി അല്ല.അസ്വാഭാവിക മരണത്തിന് എടുത്ത കേസ്,മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ ഡ്രൈവര്‍ക്കെതിരായ കേസ് എന്നിവയിലും സുരേന്ദ്രന്‍ പ്രതിയല്ല.ഒടുവിലായി 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടു പോലുമില്ല.
കേസ് നമ്പരും വര്‍ഷവും കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസിന്റെ വിശദീകരണം.അഞ്ച് കേസുകളാണ് നിലവിലുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ട്.