കൊച്ചി:ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ശബരിമലയിലെ പ്രവൃത്തികളെ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി.പ്രതിഷേധ ദിനത്തില്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയതെന്നും കോടതി വിമര്‍ശിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ നാളത്തേക്ക് മാറ്റി.
സുരേന്ദ്രന്റെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തു. ശബരിമലയിലെത്തുന്ന ഭക്തര്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സ്ത്രീയ്‌ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തതും സുരേന്ദ്രനാണെന്ന് സര്‍ക്കാര്‍ വാദിച്ചു.
എട്ട് വാറന്റുകള്‍ സുരേന്ദ്രന്റെ പേരില്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി ചോദിച്ചു.
ചിത്തിര ആട്ട വിശേഷത്തിന് സുരേന്ദ്രന്റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അത്തരം സാഹചര്യം ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.