പത്തനംതിട്ട:ശബരിമലയില്‍ ഭക്തയെ ആക്രമിച്ച കേസില്‍ കേസില്‍ ഗൂഢാലോചന നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂര്‍ സ്വദേശിനി ലളിതാദേവിയെ (52) ആക്രമിച്ച കേസിലാണ് ഇപ്പോള്‍ സുരേന്ദ്രന് ജയില്‍വാസം കിട്ടിയത്.കേസിലെ 12ആം പ്രതിയായ സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കൊട്ടാരക്കര ജയിലില്‍ നിന്നും പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും,ജാമ്യം അനുവദിക്കണമെന്നും കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നുമുള്ള സുരേന്ദ്രന്റെ ആവശ്യങ്ങളും നാളെ കോടതി പരിഗണിക്കും.
അതേസമയം തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കള്ളക്കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തുന്ന ഗൂഢാലോചനയാണെന്നും ശബരിമലയില്‍ നടന്ന അക്രമണങ്ങളിലൊന്നും താന്‍ പങ്കെടുത്തിരുന്നില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഗൂഢാലോചനയൊക്കെ നടത്തിയെന്ന് പറയുന്നത് വെറും തെറ്റാണ്.തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ശബരിമലയില്‍ നിന്നും ബിജെപി നേതാക്കളെ അകറ്റിയാല്‍ യുവതികളെ പ്രവേശിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും എന്നാല്‍ ഒന്നും നടക്കില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.