തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനം വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനുള്ള വേദിയായി മാറി. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പുതുച്ചേരി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളടക്കം നാല് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
പദ്ധതി വിഹിതം വെട്ടിക്കുറച്ച് അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര നയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കുവെച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നയരൂപീകരണത്തിലെ പാളിച്ചകള്‍ ചര്‍ച്ച ചെയ്ത യോഗം തല്‍ക്കാലം ഇത്തരം പ്രശ്‌നങ്ങളെ നിലവില്‍ രാഷ്ട്രീയവത്ക്കരിക്കേണ്ടെന്ന പൊതു നിലപാടില്‍ എത്തിച്ചേരുകയും ചെയ്തു.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലടക്കം നിയന്ത്രണം കൊണ്ടുവരാനുള്ള നിര്‍ദ്ദേശങ്ങളാണ് ധനക്കമ്മിഷനിലൂടെ കേന്ദ്രം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്.
ഇത് സംസ്ഥാനങ്ങളുടെ വികസന പ്രക്രിയയെ കാര്യമായി ബാധിക്കുമെന്ന സന്ദേശം ആശങ്കയോടെയാണ് ധനമന്ത്രിമാര്‍ പങ്കുവെച്ചത്. നിലവിലെ കമ്മിഷന്‍ നയരൂപീകരണത്തിലുള്ള അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്രവുമായി ചര്‍ച്ചയും രാഷ്ട്രപതിക്ക് സംസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്ന് പൊതു നിവേദനം സമര്‍പ്പിക്കണമെന്ന വാദവും യോഗം തത്വത്തില്‍ അംഗീകരിച്ചു. യോഗത്തില്‍ നിന്നും വിട്ട് നിന്ന തെലുങ്കാനയ്ക്കും തമിഴ്‌നാടിനുമൊപ്പം രാഷ്ട്രീയ വ്യത്യാസം മറന്ന് കമ്മിഷന്‍ മുന്നോട്ടു വെയ്ക്കുന്ന പൊതുപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളെ കൂടി അടുത്ത യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കും. ജി.എസ്.ടി നടപ്പാക്കലടക്കമുള്ള നിരവധി പ്രശ്‌നങ്ങളിലെ പരാജയവും ഇളവ് അനുവദിക്കേണ്ട മേഖലയും നികുതി വിന്യാസത്തിലെ അപര്യാപ്തതയും ചര്‍ച്ച ചെയ്ത യോഗത്തില്‍ മന്ത്രിമാര്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായാണ് ശബ്ദമുയര്‍ത്തിയത്.
യോജിക്കാവുന്ന മേഖലകളില്‍ ബി.ജെ.പി സര്‍ക്കാരിന്റെ വൈകല്യങ്ങള്‍ ചുണ്ടിക്കാട്ടി വിഷയാധിഷ്ഠിത നിലപാടുകള്‍ സ്വീകരിക്കാനാവും മറ്റ് സംസ്ഥാനങ്ങളോട് യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രിമാര്‍ ആവശ്യപ്പെടുക.
രാഷ്ട്രീയ ഭിന്നതകള്‍ക്കുപരി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനും ഫെഡറലിസത്തെ തകര്‍ക്കാനുമുള്ള നീക്കവും സംസ്ഥാനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ നിലവിലെ ഘടനമാറ്റി കേന്ദ്രീകൃത സംവിധാനത്തിലേക്ക് മന:പൂര്‍വ്വമായി എത്തിക്കുന്നതിനുള്ള തുടക്കമായാണ് പതിനഞ്ചാം ധനക്കമ്മിഷന്റെ പരിഗണനാ വിഷയങ്ങളെ സംസ്ഥാനങ്ങള്‍ വിലയിരുത്തുന്നത്. സംസ്ഥാനങ്ങള്‍ ഇന്നനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമായാല്‍ വന്‍വിപത്താവും രാജ്യത്തുണ്ടാവുകയെന്നും പലരും യോഗത്തില്‍ അറിയിച്ചു.
ഉദ്യോഗസ്ഥ പ്രതിനിധികളുടെ വന്‍സംഘവും ാേയഗത്തിനെത്തിയിരുന്നു.
സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്‍ ഏകീകരിക്കണമെന്ന രാഷ്ട്രീയം ബി.ജെ.പി മുന്നോട്ടുവെച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും നിര്‍ദ്ദേശം തള്ളിയിരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം കവര്‍ന്ന് ബി.ജെ.പി ഇതര സര്‍ക്കാരുകളുടെ പ്രവര്‍ത്തനശേഷി ഇല്ലാതാക്കാനാണ് നിലവില്‍ ധനക്കമ്മിഷനെ കൂട്ടുപിടിച്ചെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.