തിരുവനന്തപുരം:കേരളം നാളെ ബൂത്തിലേക്ക്. സംസ്ഥാനത്തെ മൊത്തം ബൂത്തുകളും പോളിങിനു സജ്ജമായി.സംസ്ഥാനത്താകെ 24,970 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെല്ലാം ബൂത്തുകളില്‍ എത്തിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.നാളെ രാവിലെ 6 ന് മോക്ക് പോളിംഗ്.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തകരാറുകള്‍ കണ്ടെത്തിയാല്‍ ഈ സമയത്ത് മാറ്റി നല്‍കും.ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്.
2,61,51,534 പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. ഇതില്‍ 1,34,66521 സ്ത്രീകളും, 1,26,84,839 പുരുഷന്മാരുമാണ്.174 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും,2,88, 191 കന്നിവോട്ടര്‍മാരും തിരഞ്ഞെടുപ്പിന്റെ ഭാഗമാകും.സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ഫോട്ടൊ സഹിതം ഓരോ ബൂത്തിന് പുറത്തും പ്രദര്‍ശിപ്പിക്കും. പോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവല്‍ ഓഫിസര്‍, സെക്ട്രല്‍ ഓഫിസര്‍ എന്നിവരുടെ വിവരങ്ങളും പ്രദര്‍ശിപ്പിക്കും.
പോളിംഗ് ബൂത്തുകളുടെ നൂറ്മീറ്റര്‍ ചുറ്റളവ് പുകയിലരഹിതമായി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എല്ലാവരണാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ബൂത്തുകളില്‍ പാടില്ല. വോട്ടിംഗ് രേഖകളെല്ലാം തുണി സഞ്ചിയിലാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.നാളെ വൈകുന്നേരം വോട്ടെടുപ്പ് പൂര്‍ത്തിയാക്കി സീല്‍ ചെയ്ത മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ തിരിച്ച് സ്‌ട്രോങ് റൂമുകളില്‍ എത്തിക്കണം.മൊത്തം 257 സ്‌ട്രോങ് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി മുന്നറിയിപ്പു നല്‍കി. കേരള പൊലീസില്‍ നിന്ന് 58, 138 ഉദ്യോഗസ്ഥരും,സ്പെഷ്യല്‍ പൊലീസായി 11,781 പേരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഇത് കൂടാതെ തമിഴ്നാട്,കര്‍ണാടക പൊലീസും,കേന്ദ്രസേനയും രംഗത്തുണ്ട്.ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഉള്ളത് മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്. പ്രശ്നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.