കോട്ടയം:അധികാരത്തര്‍ക്കം രൂക്ഷമായ േകരളകോണ്‍ഗ്രസില്‍ സമവായത്തിനുള്ള സാധ്യത ഇല്ലെന്നു വ്യക്തമാക്കി മാണി വിഭാഗത്തിന്റെ നീക്കം.പുതിയ ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ജോസ് കെ മാണി,തോമസ് ചാഴിക്കാടന്‍,എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, കെ എന്‍ ജയരാജ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.ചെയര്‍മാനം സ്ഥാനം വേണമെന്ന് ജോസഫും വിട്ടുകൊടുക്കില്ലെന്നു ജോസ്‌കെമാണി വിഭാഗവും കടുംപിടുത്തം തുടരുമ്പോള്‍ ഇനി പാര്‍ട്ടിയില്‍ പിളര്‍പ്പിനു മാത്രമാണ് സാധ്യത.
വര്‍ക്കിംഗ് ചെയര്‍മാനായ പി ജെ ജോസഫിന് ചെയര്‍മാന്റെ അധികാരങ്ങളില്ലെന്നും കത്തില്‍ ജോസ് കെ മാണി വിഭാഗം പറയുന്നു.ഒഴിഞ്ഞുകിടക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും അതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം .നേരത്തേ 127 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് പി ജെ ജോസഫിന് കത്ത് നല്‍കിയെങ്കിലും സമവായം ഉണ്ടാക്കിയതിന് ശേഷമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്ന നിലപാടില്‍ പി ജെ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്.