കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ ബദല്‍ സംസ്ഥാന സമിതി തെരഞ്ഞെടുത്തതോടെ പാര്‍ട്ടി പിളര്‍ന്നു.സെക്രട്ടറി കെ ഐ ആന്റണി വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുത്തു.8 ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്റ്റി ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ സമിതിയൊന്നാകെ നിര്‍ദേശത്തെ പിന്താങ്ങി. എന്നാല്‍ മുതിര്‍ന്ന നേതാവ് സി എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല.തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുന്ന കേരളാ കോണ്‍ഗ്രസ് തുടരുമെന്ന് സി എഫ് തോമസ് അറിയിച്ചു.
അതേസമയം,യോഗം ഭരണഘടനാവിരുദ്ധമാണന്നു പറഞ്ഞ പിജെ ജോസഫ് ആള്‍ക്കൂട്ട തീരുമാനങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് പ്രതികരിച്ചത്. ജോസ് കെ മാണിയുടെ പദവി നിലനില്‍ക്കില്ല. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ 10 ദിവസത്തെ നോട്ടീസ് നല്‍കണം. ഇതൊന്നുമില്ലാതെയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ട്ടി പിളര്‍ന്നുവെന്നും എന്നാല്‍ പിളര്‍പ്പിന്റെ കൂടെ ആരും ഇല്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.