ദില്ലി:പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.ഇപ്പോഴത്തെ സ്ഥിതി ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ കേരളവും തൃപ്തരാണെന്നും കേന്ദ്രം പറയുന്നു.
പ്രളയദുരന്തം നേരിടുന്ന കേരളത്തിന് എല്ലാ സഹായവും നേരത്തേ ഐക്യരാഷ്ട്രസഭ വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സഹായം നല്‍കാനാവൂ.ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്.ജപ്പാനും ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞിരുന്നു.
പ്രളയം വരുത്തിയ നാശനഷ്ടങ്ങള്‍ 20000 കോടിക്ക് മുകളിലാണെന്നാണ് കണക്കാക്കുന്നത്.അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്പും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.സൈന്യത്തെയും അയച്ചു.എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങളൊന്നും കേരളത്തിന് പര്യാപ്തമല്ല.