കണ്ണൂര്‍:ശബരിമല പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ.സ്ത്രീ പ്രവേശന വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്ന് അമിത്ഷാ ആരോപിച്ചു.ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരെ ഉപയോഗിച്ച് ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ബി.ജെ.പി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ. കോടതികള്‍ ഭരണഘടനാ ലംഘനം നടത്തുകയാണ്. മൗലികാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയിലുള്ള വിധിയാണ് കോടതിയുടേത്.സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചല്ല ലിംഗസമത്വം നടപ്പാക്കേണ്ടതെന്നും അമിത് ഷാ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
ശബരിമലയില്‍ പ്രതിഷേധം നടത്തിയ ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.അയ്യപ്പഭക്തരുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ ഈ മാസം 30 മുതല്‍ ബി.ജെ.പി വിവിധ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളുമെന്നും അമിത്ഷാ പറഞ്ഞു.