തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമായിത്തുടരുന്നു.മഴക്കെടുതിയില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.കനത്ത മഴയില്‍ മൂന്നു പേര്‍ മരിക്കുകയും അഞ്ചു പേരെ ഒഴുക്കില്‍ പെട്ട് കാണാതാവുകയും ചെയ്തു.
മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം ജില്ലയ്ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും.ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണ് മഴ കനത്തത്.കനത്ത മഴയില്‍ നദികള്‍ എല്ലാം കരകവിഞ്ഞു.മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.കൊടുങ്ങല്ലൂരില്‍ കടലാക്രമണം രൂക്ഷമായി.കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി.കൊല്ലത്ത് കനത്ത മഴയെത്തുടര്‍ന്ന് കൊറ്റങ്കര വില്ലേജിലെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശമുണ്ട്.പത്തനംതിട്ടയില്‍ 54 വീടുകള്‍ തകര്‍ന്നു.നിരവധികുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
ആലപ്പുഴയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.പെരിയാറും മീനച്ചിലാറും കരവകവിഞ്ഞു.കുട്ടനാട്ടില്‍ അഞ്ഞുറേക്കറോളം കൃഷി നശിച്ചു.വെള്ളം കയറിയതിനെത്തുടര്‍ന്ന് എംസിറോഡിലൂടെയുള്ള സര്‍വ്വീസ് കെ.എസ്.ആര്‍.ടിസി നിര്‍ത്തിവച്ചു.ഇടുക്കി മൂന്നാറില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി.കുമളി ചോറ്റുപാറയ്ക്കടുത്ത് മണ്ണിടിഞ്ഞുവീണു ഗതാഗതം സ്തംഭിച്ചു.

സിന്ധു