ദില്ലി:കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളും പ്രശ്‌നങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.നിലവില്‍ മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് ധനസഹായം നല്‍കാമെന്ന ഉറപ്പു മാത്രമാണ് ആശ്വാസകരമായത്.റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യം ഉള്‍പ്പെടെ മറ്റുവിഷയങ്ങളിലൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടുണ്ടായില്ല.
ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ കേരളത്തിന് പ്രത്യേകമായി ഒരിളവും നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടു നേരത്തേ രണ്ടുതവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും വകുപ്പ് മന്ത്രിയെ കാണാന്‍ ആയിരുന്നു നിര്‍ദേശം.ഇതു വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്കു സമയം നല്‍കി. അങ്കമാലി-ശബരി റെയില്‍വേ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയവുമായി സംസാരിക്കാന്‍ അവസരമൊരുക്കാം എന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറ്റു സംസ്ഥാനങ്ങളേയും കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ അവരോട് കൂടി ആലോചിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്.
കാലവര്‍ഷക്കെടുതികളെ കുറിച്ച് ദിവസവും റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ആവശ്യകതയും കേരളം വിവരിച്ചു.എന്നാല്‍ പ്രധാനമന്ത്രിയില്‍ നിന്നും ഉറപ്പൊന്നും ലഭിച്ചില്ല.
കൂടിക്കാഴ്ച്ച കൊണ്ട് കാര്യമൊന്നുമുണ്ടായില്ല എന്ന സൂചനയാണ് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ നിന്നും ലഭിക്കുന്നത്.മോദി പാടെ നിരാശപ്പെടുത്തിയെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.