ആദ്യം കുറ്റവിമുക്തനാകുന്ന മന്ത്രിക്ക് മന്ത്രിസ്ഥാനം നല്കുമെന്ന് പറയാന്‍ ഭരണമെന്താ ഓട്ടമത്സരമാണോ എന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുത്. സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനശ്ചിതത്വമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തതിനാലാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം വരെ ബഹിഷ്‌കരിച്ചത്. അതു കൊണ്ടു തന്നെ സിപിഐ മന്ത്രിമാര്‍ ഇനിയും തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജിവെച്ചതെന്നത് അപഹാസ്യ നടപടിയാണ്. ദുര്‍ബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്, മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ചരിത്രലാദ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മറ്റുള്ളവരൊക്കെ എതിര്‍ത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത് സിപിഎമ്മുമായി ചാണ്ടിക്കുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം അഭിപ്രായം അറിയിക്കാന്‍ സിപിഐ മന്ത്രിമാര്‍ സമരം ചെയ്യേണ്ട ഗതികേടിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ സിപിഐ മന്ത്രിമാര്‍ സമാന്തര യോഗം നടത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് മുഖം നഷ്ടമായിരിക്കുന്നു. ഇടതു മുന്നണിക്കു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മന്ത്രിമാര്‍ക്കു മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല. സര്‍ക്കാരിനെതിരെ നാലു മന്ത്രിമാര്‍ സമരം ചെയ്തു. ഭരണ പ്രതിസന്ധിയാണിതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരും മന്ത്രിമാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയുമാണ് കേരളത്തിന്റേത്. പരസ്പരവിശ്വാസമില്ലാത്ത ഇത്തരമൊരു മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാനാവും. ഒന്നരവര്‍ഷത്തെ ഇടതുഭരണം ജനങ്ങളെ പൂര്‍ണമായും നിരാശരാക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.