തിരുവനന്തപുരം: ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത ദേശീയ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തിന് അവഹേളനമായ സാഹചര്യത്തില്‍ ബി.ജെ.പി കേരള നേതൃത്വം ഇതിന് മറുപടി പറയണമെന്ന് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്കിലൂടെ പിണറായി വിജയന്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും  കൈ വെട്ടിയെടുക്കുമെന്നും തല കൊയ്യുമെന്നും  ഭീഷണി മുഴക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ‘അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെ’ക്കുറിച്ചു പറഞ്ഞു തുടങ്ങിയതില്‍ സന്തോഷമുണ്ട്.
വികസന വിഷയത്തില്‍ സംവാദത്തിനു തയ്യാറുണ്ടോ എന്ന അമിത്ഷായുടെ വെല്ലുവിളി കേരളം സര്‍വാത്മനാ ഏറ്റെടുത്തിട്ടുണ്ട്. ആ സംവാദത്തിനു അമിത് ഷായെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ബിജെപിയില്‍ നിന്നുണ്ടാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
രാഷ്ട്രപതിയും നിരവധി കേന്ദ്ര മന്ത്രിമാരും കേരളത്തിന്റെ പുരോഗതിയെക്കുറിച്ചു ഇവിടെ വന്ന് മതിപ്പു പ്രകടിപ്പിച്ചവരാണ്. കേരളത്തിലെ ഏക ബി.ജെ.പി എം.എല്‍.എയ്‌ക്കോ ഇവിടെ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ അംഗത്തിനോ  കേരളം  നേടിയ പുരോഗതിയെക്കുറിച്ച് സംശയം ഇല്ല എന്നുമാത്രമല്ല, അവര്‍ യാഥാര്‍ഥ്യങ്ങള്‍  അംഗീകരിച്ച് സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ബിജെപി നേതൃത്വമാണ് ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ട് വന്ന്  നിലവാരം കുറഞ്ഞ ആക്ഷേപങ്ങള്‍ ഉന്നയിപ്പിച്ചത്. അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത്, സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും പദ്ധതികളും നികുതി വിഹിതവും കേന്ദ്രത്തിന്റെ സൗജന്യമാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ബി ജെപിയില്‍ നിന്ന് ക്രിയാത്മകമായ നിലപാട് പ്രതീക്ഷിക്കാനാവില്ല. കേരളം ഇന്ന് നേരിടുന്നത് ഇതുവരെ നേടിയ പുരോഗതി സംരക്ഷിക്കേണ്ടതിന്റെ വെല്ലുവിളിയല്ല അടുത്ത തലത്തിലേക്ക് അതിനെ ഉയര്‍ത്തേണ്ടതിന്റെ  വെല്ലുവിളിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായുള്ള ആദ്യ താരതമ്യത്തില്‍ തന്നെ  അത് മനസ്സിലാകും. 
കേരളം ഒന്നാമതാണ് എന്ന് ഓരോ കേരളീയനും പറയാന്‍ കഴിയുന്നത് വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ്. ആ യാഥാര്‍ഥ്യം അംഗീകരിച്ചു കൊണ്ടു ക്രിയാത്മക സംവാദത്തിനു അമിത് ഷായെ പ്രേരിപ്പിക്കാനുള്ള സന്മനസ്സ് കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.