കൊച്ചി:സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന്റെ പേരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അന്വേഷണം നേരിടേണ്ടിവരും.ഫണ്ട് ദുരുപയോഗക്കേസ് കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലല്ലെന്ന മുന്‍ ചീഫ് ജസ്‌ററിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാടിനെ ഡിവിഷന്‍ ബഞ്ച് തള്ളി റിവ്യൂ ഹര്‍ജി സ്വീകരിച്ചു.ചീഫ് ജസ്റ്റിസിനെത്തള്ളി റിവ്യൂ ഹര്‍ജി സ്വീകരിക്കുന്നത് ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വമാണ്.
പത്രപ്രവര്‍ത്തക യൂണിയന്റെ ഫണ്ട് ദുരുപയോഗം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ അന്വേഷണ പരിധിയിലാണെന്നും യൂണിയനും സര്‍ക്കാരിനും നോട്ടീസ് അയയ്ക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രമേനോനും, ജസ്‌ററിസ് രാമ ശേഷാദ്രി നായിഡുവും ഉള്‍പ്പെട്ട ബഞ്ച് വിധിച്ചു.
ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തകയൂണിയന്റെ ഡല്‍ഹി ഘടകത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.അഴിമതിക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ത്തന്നെ സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധിച്ചിരുന്നു.കേരളസര്‍ക്കാരിനും വിജിലന്‍സിനും യൂണിയന്‍ അംഗങ്ങള്‍ പരാതി നല്‍കിയെങ്കിലും അതെല്ലാം രാഷ്ട്രീയ ഇടപെടലുകളില്‍ ഒതുക്കിയെന്നാണ് പ്രധാന ആരോപണം.തുടര്‍ന്ന് ഹൈക്കോടതിയിലെ ലീഗല്‍ ലിറ്ററസി കൗണ്‍സില്‍ സെക്രട്ടറിയായ അഡ്വ.ജതിന്‍ദാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു.
ഹൈക്കോടതിയുടെ അധികാരപരിധി കുറച്ചുകാണിച്ച ആദ്യവിധി നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.