ആലപ്പുഴ:പ്രളയത്തില്‍ തകര്‍ന്ന നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി ആവശ്യമെന്ന് ധനമന്ത്രി തോമസ് ഐസക്.ആലപ്പുഴയില്‍ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.തകര്‍ന്ന പാലങ്ങള്‍, കെട്ടിടങ്ങള്‍, ബണ്ടുകള്‍, നഷ്ടപരിഹാരം, വീട്, കൃഷി, ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടത്.ഉപജീവനസഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതില്‍ 4,000 കോടി തൊഴിലുറപ്പിനും മറ്റു അനുബന്ധ വിഷയങ്ങള്‍ക്കും ഉപയോഗിക്കേണ്ടി വരുമ്പോള്‍ 6,000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
നാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കുന്ന നവകേരള ഭാഗ്യക്കുറിക്ക് സാധാരണ ഭാഗ്യക്കുറിയില്‍ നിന്ന് വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് സമ്മാനഘടന നിശ്ചയിച്ചിട്ടുള്ളത്.250 രൂപയാണ് ടിക്കറ്റ് വില.ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും.5,000/ രൂപ വീതമുള്ള 10,0800 സമ്മാനങ്ങളും നല്‍കും.ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ താല്‍പര്യമുള്ള വ്യക്തികള്‍,സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍,സര്‍വ്വീസ് സംഘനകള്‍, ക്ലബ്ബുകള്‍,സ്‌കൂള്‍കോളേജ് പിടിഎകള്‍,റസിഡന്റ്സ് അസോസിയേഷനുകള്‍,മറ്റ് കൂട്ടായ്മകള്‍ എന്നിവര്‍ക്കും നവകേരള ഭാഗ്യക്കുറി വില്പനയ്ക്കായി താത്ക്കാലിക ഏജന്‍സി ലഭിക്കും.സൗജന്യമായാണ് ഏജന്‍സി ലഭിക്കുക.ഇതിനായി ചുമതലപ്പെട്ടവര്‍ ആധാര്‍ കാര്‍ഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ഭാഗ്യക്കുറി ജില്ല/സബ് ഓഫീസില്‍ ബന്ധപ്പെടണം.ടിക്കറ്റിന് 25 ശതമാനം ഏജന്‍സി കമ്മിഷന്‍ ലഭിക്കും. നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്.തുക പൂര്‍ണ്ണമായും ദുരിതാശ്വാസ,പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക.
മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായ ചടങ്ങില്‍ നവകേരള ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്കില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.