കൊച്ചി:ബംഗാള്‍ സ്വദേശിയായ മൂന്നു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ നില ഗുരുതരമാണ്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.
കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിളിച്ചു വരുത്തി. കുട്ടിക്കു പരുക്കുപറ്റിയതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പറഞ്ഞതില്‍ പൊരുത്തക്കേട് പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലുള്ള കുട്ടിയുടെ മാതാപിതാക്കളെ താമസിയാതെ വിശദമായി ചോദ്യംചെയ്യുമെന്നാണറിയുന്നത്.
തൊടുപുഴയില്‍ ഏഴു വയസ്സുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് മരിച്ചിട്ട് ദിവസങ്ങള്‍ കഴിയുംമുന്‍പേയാണ് മറ്റൊരു കുട്ടിയും ക്രൂരതയുടെ ഇരയായിരിക്കുന്നത്.