കൊച്ചി:കൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ക്ക് വേഗം കൂട്ടിയ കൊച്ചി മെട്രോ സര്‍വീസിന് ഇന്ന് രണ്ടു വയസ്സ്.തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വര്‍ഷത്തില്‍ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്.ഇതുവരെ 2 കോടി 58 ലക്ഷം പേരാണ് മെട്രോ ട്രെയിനിലെ യാത്രക്കാരായത്.ടിക്കറ്റ് വരുമാനമാകട്ടെ 83 കോടി രൂപയും.68 കോടി രൂപ ടിക്കറ്റ് ഇതര വരുമാനമായി ഇതുവരെ ലഭിച്ചു.
ആദ്യഘട്ടത്തിലെ തൈക്കൂടം വരെയുള്ള ഭാഗം ജൂലൈ പകുതിയോടെ പൂര്‍ത്തീകരിച്ച് കൈമാറണമെന്നാണ് ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ആഗസ്തില്‍ മഹാരാജാസ് സ്റ്റേഷനില്‍നിന്നു തൈക്കൂടംവരെ മെട്രോ ട്രെയിന്‍ ഓടിയെത്തും.പേട്ടയിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.ജലമെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്.2020ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.ഇതിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു.
ദിവസത്തില്‍ 40,000 പേര് ശരാശരി മെട്രോയില്‍ യാത്ര ചെയ്യുന്നു.ആകെ യാത്രക്കാരില്‍ 26 ശതമാനം പേര് ആനുകൂല്യങ്ങളുള്ള മെട്രോ വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. പുറത്തുനിന്നും കൊച്ചിയിലെത്തുന്നവര്‍ കൗതുകത്തിനായി മെട്രോയില്‍ യാത്ര ചെയ്യുന്നു. ആദ്യമായി കാണുന്നവര്‍ക്കും ആദ്യമായി കയറുന്നവര്‍ക്കും മെട്രോ യാത്ര ഒരനുഭവമായിരിക്കും.