കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയില്‍ ഉപയോഗിച്ച വാഹനം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടേത്. സംഭവത്തില്‍ മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും ബിജെപിയും രംഗത്തെത്തി.
കാസര്‍ഗോഡ് നിന്ന് ആരംഭിച്ച കോടിയേരിയുടെ ജനജാഗ്രതാ യാത്രയില്‍ കോഴിക്കോട് കൊടുവള്ളിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ കാരാട്ടിന്റെ ബിഎംഡബ്ല്യു മിനി കൂപ്പര്‍ കാര്‍ ഉപയോഗിച്ചതാണ് വിവാദമായത്. 2013 ലെ പ്രമാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലുള്ളയാളാണ് ഫൈസല്‍ കാരാട്ടെന്നും ഇദ്ദേഹത്തിന്റെ കാറിലാണ് കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തതെന്നും ആദ്യം ആരോപിച്ചത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എംസി മായിന്‍ഹാജിയാണ്. തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ഈ വിഷയം ഉന്നയിച്ച് ഫെയ്സ് ബുക്കില്‍ കോടിയേരിയുടെ യാത്രയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്യുകയും ചെയ്തു. 1000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ഫൈസലെന്നും ഇദ്ദേഹത്തിന്റെ കാര്‍ ഉപയോഗിച്ചതിനെക്കുറിച്ച് കോടിയേരി ബാലൃഷ്ണനും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.
2000 കോടി രൂപയുടെ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനം സിപിഐഎം സംസ്ഥാന സെക്രട്ടറി ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുകയാണെന്ന് ലീഗ് നേതാവ് മായിന്‍ ഹാജി പറഞ്ഞു. ഫൈസല്‍ കാരാട്ട് കള്ളക്കടത്ത് കേസിലെ പ്രതിയാണോയെന്ന് അറിയില്ലെങ്കില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കൊടുവള്ളിയിലെ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളോട് ഇക്കാര്യം ചോദിച്ചാല്‍ മതിയെന്ന് മായിന്‍ ഹാജി പറഞ്ഞു. കോടിയേരിയുടെ യാത്രയുടെ സ്പോണ്‍സര്‍മാര്‍ ആരാണെന്ന് സിപിഐഎം വ്യക്തമാക്കണമെന്നും മായിന്‍ ഹാജി ആവശ്യപ്പെട്ടു.
ഇതേസമയം, കൊടുവള്ളിയിലെ യാത്രയ്ക്ക് കള്ളക്കടത്ത് കേസ് പ്രതിയുടെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നും പ്രാദേശികനേതൃത്വം ഏര്‍പ്പാടാക്കിയ കാറാണ് ഉപയോഗിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്ണന്‍ വ്യക്തമാക്കി. ആരുടെ വാഹനമാണ് എന്ന് നോക്കിയിട്ടല്ല വാഹനത്തില്‍ കയറുന്നതെന്ന് കോടിയേരി പറഞ്ഞു. അതേസമയം, സംഭവത്തില്‍ വീഴ്ചയുണ്ടായോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല.
ഇതിനിടെ, താന്‍ സ്വര്‍ണ്ണക്കടത്തിന് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണെന്ന കാര്യം നിഷേധിച്ച് കൊടുവള്ളിയിലെ സ്വര്‍ണ്ണവ്യാപാരിയും കൊടുവള്ളി മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ഫൈസല്‍ കാരാട്ട് രംഗത്തുവന്നു. സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ഇത് കേസിലെ ഒരു പ്രതിയുടെ വാഹനം തന്റെ വീട്ടില്‍ നിന്ന് പിടികൂടിയതിനാണെന്നും തന്നെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചുവെന്നുമാണ് ഫൈസല്‍ കാരാട്ട് പറയുന്നത്. തനിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി നേതാവ് സുരേന്ദ്രനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഫൈസല്‍ തന്റെ ഫേയ്സ് ബുക്കിലൂടെ അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന കാറിന് തകരാറുണ്ടായതിനെ തുടര്‍ന്ന് ഐഎന്‍എല്‍ പ്രാദേശിക നേതാവ് സലിമിന്റെ നിര്‍ദേശപ്രകാരമാണ് തന്റെ കാറ് യാത്രയ്ക്ക് വിട്ടുകൊടുത്തതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
അതിനിടെ, കോടിയേരി ബാലകൃഷ്ണന്റെ യാത്രയ്ക്ക് കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിക്കാന്‍ ഇടയായ സംഭവത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വം അസ്വസ്ഥരാണ്. പ്രാദേശിക നേതൃത്വത്തിന് സംഭവത്തില്‍ വീഴ്ചയുണ്ടായതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
ഈ മാസം 21 നാണ് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോട്ടും നിന്നും ജനജാഗ്രത യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്രയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്രയ്ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് നേതൃത്വം നല്‍കുന്നത്. ഈ യാത്ര കോഴിക്കോട് കൊടുവള്ളിയിലെത്തിയപ്പോള്‍ കോടിയേരി ഉപയോഗിച്ച വാഹനമാണ് വിവാദമായത്