മൂന്നാര്‍:ഈ മാസം ആദ്യം മുതല്‍ മൂന്നാറില്‍ മുമ്പെങ്ങും കാണാത്തവിധത്തില്‍ മഞ്ഞും തണുപ്പുമാണ്.കാശ്മീരിലെപ്പോലെ മഞ്ഞണിഞ്ഞ മലനിരകളും പുല്‍മേടുകളും കൗതുകമുണര്‍ത്തുന്ന വലിയ വാര്‍ത്തകളായി നിറഞ്ഞു നിന്നു.പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ടൂറിസംമേഖലയ്ക്കും ഉണര്‍വേകി സഞ്ചാരികളും പ്രവഹിച്ചു തുടങ്ങി.എന്നാല്‍ അതിശൈത്യം മാറ്റമില്ലാതെ തുടരുന്നത് ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.ഇത് ആദ്യമായാണ് കൊടും തണുപ്പ് ഇത്രയും നാള്‍ നീണ്ടു നില്‍ക്കുന്നതെന്ന് പ്രദേശത്തെ പഴമക്കാര്‍ പറയുന്നു.
മൂന്നാറിലും സമീപ പ്രദേശങ്ങളിലും താപനില ഒരുഡിഗ്രിയിലാണ്.ചെണ്ടുവര, ചിറ്റവര തുടങ്ങിയ എസ്റ്റേറ്റുകളില്‍ കുറഞ്ഞ താപനില മൈനസ് രണ്ടാണ്. പുല്‍ മൈതാനത്ത് മഞ്ഞുപാളികള്‍ വീണുകിടക്കുന്നതു കാണാന്‍ നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്.മീശപ്പുലി മല പോലെയുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശത്തെ മഞ്ഞു വീഴ്ച കാണാന്‍ സഞ്ചാരികളുടെ തിരക്കേറുകയാണ്.
കാലാവസ്ഥയിലുണ്ടായ ഈ മാറ്റം തോട്ടം മേഖലയെ കാര്യമായി ബാധിച്ചു.രാത്രിയിലെ കൊടും തണുപ്പും മഞ്ഞും കഴിഞ്ഞ് പകല്‍ വെയില്‍ വീഴുന്നത് മൂലം തേയിലത്തോട്ടങ്ങളിലെ തേയിലക്കൊളുന്തുകള്‍ കരിഞ്ഞുണങ്ങി.തോട്ടം മേഖലിയ്ക്ക് ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്.