തലശ്ശേരി:കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന് ഫാ.റോബിന് വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു.തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളായി 60 വര്‍ഷമാണ് കഠിന തടവ് വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്നും ശിക്ഷ കുറച്ച് നല്‍കണമെന്നും ഫാദര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കോടതി ആവശ്യം പരിഗണിച്ചില്ല.കേസില്‍ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിക്ക് കോടതി നിര്‍ദ്ദേശിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നല്കി. സ്പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടര്‍ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്.
റോബിന് വടക്കുംചേരിയുടെ സഹായി തങ്കമ്മ നെല്ലിയാനി,ഡോ ലിസ് മരിയ,സിസ്റ്റര്‍ അനീറ്റ,സിസ്റ്റര്‍ ഒഫീലിയ, തോമസ് ജോസഫ് തേരകം,ഡോ ബെറ്റി ജോസഫ് എന്നിവരാണ് വെറുതെ വിടപ്പെട്ട ആറു പ്രതികള്‍.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ തുടങ്ങിയത്.38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും 7 തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തു.
പള്ളിമേടയില്‍ കംപ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് ഫാ. റോബിന് വടക്കുംചേരിക്കെതിരെയുള്ള കുറ്റം.2007 ഫെബ്രുവരി 26-ന് സംഭവം പുറത്തുവന്നതോടെ ഫാദര്‍ റോബിന് വടക്കുംചേരി മുങ്ങുകയായിരുന്നു.കാനഡയിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവച്ചതിന് കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ക്കും ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി അവരെയും കൂട്ടുപ്രതികളാക്കിയിരുന്നു.നവജാതശിശുവിനെ മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ നിന്നും അനാഥമന്ദിരത്തിലേക്ക് കടത്തിയതിന് കന്യാസ്ത്രീകളും പിഞ്ചു കുഞ്ഞിനെ അനാഥാലയത്തില്‍ പ്രവേശിപ്പിച്ച് അക്കാര്യം സ്വകാര്യമാക്കിയതിന് സ്ഥാപനം നടത്തിപ്പ് ചുമതലയുള്ള ചൈല്‍ഡ് ലൈന്‍ മേധാവിയും സഹായിയും പ്രതിപ്പട്ടികയിലായി.
വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു.