ചെന്നെ:കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടലുടമ പി.രാജഗോപാല്‍ (72 ) അന്തരിച്ചു.ഹൃദയാഘാതത്തേത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാജഗോപാലിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.പിന്നീട് ഇദ്ദേഹത്തിന്റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കുകയായിരുന്നു.
ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയായ രാജഗോപാല്‍ തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാനായി ഇവരുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് കേസ്. ഹോട്ടല്‍ ജീവനക്കാരന്റെ മകളായ
ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന ജ്യോത്സ്യന്റെ പ്രവചനമാണ് രാജഗോപാലിനെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് അത് സമ്മതമല്ലായിരുന്നു.അവര്‍ ജീവജ്യോതിയെ പ്രിന്‍സ് ശാന്തകുമാര്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു.എന്നാല്‍ ജീവജ്യോതിയെ വിവാഹം ചെയ്യാനുറപ്പിച്ച രാജഗോപാല്‍ ശാന്തകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തി.ജീവജ്യോതിയെ ഉപേക്ഷിച്ചു പോകണമെന്നായിരുന്നു രാജഗോപാലിന്റെ ആവശ്യം.എന്നാല്‍ ശാന്തകുമാര്‍ ഭീഷണിക്കു വഴങ്ങാതെ വന്നപ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി കൊടൈക്കനാലില്‍ വെച്ച് കൊലപ്പെടുത്തി.
ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരന്‍ രാജഗോപാലാണെന്നറിയാവുന്ന ജീവജ്യോതി നടത്തിയ നിയമപ്പോരാട്ടത്തിന്റെ ഫലമയാണ് രാജഗോപാലിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.ചെന്നൈയിലെ വിചാരണ രാജഗോപാലിന് പത്ത് കൊല്ലം കഠിനതടവു വിധിച്ചെങ്കിലും 2004-ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ പോകുന്നത് വൈകിപ്പിക്കാന്‍ രാജഗോപാല്‍ ശ്രമിച്ചു.എന്നാല്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെ രാജഗോപാല്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കോടതി രാജഗോപാലിനെ പുഴല്‍ ജയിലിലേക്ക് അയച്ചു. ജയിലില്‍ വച്ച് ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഹൃദയാഘാതമുണ്ടാവുകയും വെന്റിലേറ്ററില്‍ കഴിയവേ മരണം സംഭവിക്കുകയുമായിരുന്നു.