കൊല്ലം:ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങുമ്പോഴേ വിവാദത്തിലായ കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ ചടങ്ങിനെച്ചൊല്ലി പ്രതിഷേധവും ശക്തമാവുകയാണ്.ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എം എല്‍ എയെയും മേയറെയും ഒഴിവാക്കി ബി ജെ പി നേതാക്കളെ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്.ഇരവിപുരം എം എല്‍ എ എം നൗഷാദിനെയും ചവറ എംഎല്‍എ വിജയന്‍പിള്ളയെയും ആദ്യം ഒഴിവാക്കി.രാത്രിയോടെ വിജയന്‍പിള്ളയെ ഉള്‍പ്പെടുത്തി.എന്നാല്‍ ബൈപാസ് കടന്നുപോകുന്ന പ്രദേശത്തെ എംഎല്‍എ യായ നൗഷാദിനെ ഉള്‍പ്പെടുത്താതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അതേസമയം,നേമത്തെ എം എല്‍ എ ഒ രാജഗോപാലിനെയും ബി ജെ പി എംപിമാരായ സുരേഷ് ഗോപിയെയും വി മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു.ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയമാണ് ഇതിലൂടെ പ്രകടമാവുന്നതെന്ന് ഇടതു നേതാക്കള്‍ പറയുന്നത്.സംസ്ഥാനം കൊടുത്ത പട്ടിക ദില്ലിയില്‍ വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും ജിസുധാകരനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.ഏത് സര്‍ക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ആദ്യം മുതലേ ബൈപാസിന്റെ കാര്യത്തില്‍ ഉണ്ടായത്.