ന്യൂഡല്‍ഹി:കൊല്ലം സീറ്റില്‍ മല്‍സരിക്കാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.ആദ്യം എറണാകുളം സീറ്റിലേക്ക് ബിജെപി കണ്ണന്താനത്തെ പരിഗണിച്ചെങ്കിലും പത്തനംതിട്ട സീറ്റ് കിട്ടുകയാണെങ്കിലേ മല്‍സരിക്കുകയുള്ളെന്ന് കണ്ണന്താനം അറിയിച്ചിരുന്നു.ഇപ്പോള്‍ കൊല്ലം സീറ്റും അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്.കൊല്ലത്ത് തനിക്ക് ആരെയും അറിയില്ലെന്നും അവിടെ വ്യക്തി ബന്ധങ്ങളില്ലെന്നുമാണ് കണ്ണന്താനം പറയുന്നത്.പത്തനംതിട്ട തനിക്ക് ഏറെ പരിചിതമായ മണ്ഡലമാണെന്നും അവിടെ മല്‍സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കണ്ണന്താനം പറഞ്ഞുവെക്കുന്നത്.
അതേസമയം പത്തനംതിട്ട മണ്ഡലത്തിനായി ബിജെപിയില്‍ ഇപ്പോഴും പിടിവലി നടക്കുകയാണ്.കെ.സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് ആര്‍എസ്എസും പിഎസ് ശ്രീധരന്‍പിള്ള മല്‍സരിക്കണമെന്ന് എന്‍എസ്എസും ആവശ്യപ്പെടുന്നു.പത്തനംതിട്ട ജില്ലയിലേക്ക് നേതാക്കള്‍ ഉറ്റുനോക്കുന്നത് ശബരിമല വിഷയം രാഷ്ട്രീയനേട്ടമാക്കാമെന്ന ലക്ഷ്യത്തോടെയാണ്.ശബരിമല യുവതീപ്രവേശനത്തില്‍ പോരാട്ടം നടത്തിയതും ജയിലില്‍ക്കിടന്നതും കെ.സുരേന്ദ്രനാണെന്നതിനാല്‍തന്നെ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന നിലപാടിലാണ് ആര്‍എസ്എസ്.ശബരിമല വിഷയത്തില്‍ നിലപാടുകള്‍ മാറ്റിപ്പറഞ്ഞ് അപഹാസ്യനാവുകയാണ് ശ്രീധരന്‍പിള്ള ചെയ്തതെന്നും ആര്‍എസ്എസ് കരുതുന്നു.