കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഘ മരിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അധ്യാപികമാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. കീഴടങ്ങിയ ശേഷം അധ്യാപികമാര്‍ക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

അധ്യാപികമാരോട് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഈ മാസം 17 ന് കീഴടങ്ങാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്നു തന്നെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപികമാരായ ക്രസന്‍സ് നേവിസ്, സിന്ധു പോള്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

18, 19, 20 തീയതികളില്‍ അധ്യാപികമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. തുടര്‍ന്ന് വരുന്ന എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകേണ്ടതുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ ഉത്തരവ്.