കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും മദ്യലഹരിയില്‍ സിപിഐഎം പഞ്ചായത്ത് അംഗം അടങ്ങുന്ന സംഘം ആക്രമിച്ചു. കണ്ണനല്ലൂര്‍ സ്വദേശിനിയായ തസ്ലിമയാണ് നീണ്ടകര പഞ്ചായത്ത് അംഗം ആന്റണിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘത്തിന്റെ മര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലം ആനന്ദവല്ലീശ്വരത്ത് വെച്ച് കാറില്‍ വരുകയായിരുന്ന അനസ്, തസ്ലീമ ദമ്പതികളെയാണ് പഞ്ചായത്തംഗം ഉള്‍പ്പെട്ട സംഘം മര്‍ദ്ദിച്ചത്. തങ്ങളുടെ കാറില്‍ ഇവരുടെ വാഹനം ഇടിച്ചെന്നാരോപിച്ചായിരുന്നു നാലംഗസംഘത്തിന്റെ ആക്രമണം. ഇന്നോവ കാറിലെത്തിയ സംഘം മദ്യ ലഹരിയിലായിരുന്നു.

പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. എന്നാല്‍ അക്രമികള്‍ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും അക്രമം നടത്തി. സംഘം സ്റ്റേഷനിലെ കസേരകളും മറ്റും തല്ലി തകര്‍ക്കുകയും പൊലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ പഞ്ചായത്തംഗങ്ങള്‍ക്കെതിരെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയും കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദനമേറ്റ തസ്ലീമയും ഭര്‍ത്താവും കൊല്ലം ആശുപത്രിയില്‍ ചികിത്സയിലാണ്.