കൊച്ചി: ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വിപണിയിലെ വമ്പന്‍ കമ്പനികള്‍ക്ക് വീണ്ടും കൊള്ള ലാഭത്തിന് വഴിയൊരുക്കി കുറഞ്ഞവിലയില്‍ ക്രൂഡോയില്‍ ഇന്ത്യയില്‍ എത്തി തുടങ്ങി. അമെരിക്കയുമായുള്ള ക്രൂഡോയില്‍ വ്യാപാരം പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് ലോട്ടറി അടിച്ചിരിക്കുന്നത്. നാല്പത് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ക്രൂഡോയില്‍ വ്യാപാരമാണ് ആംരഭിച്ചത്.
ദുബായ് ക്രൂഡോയില്‍ വിലയേക്കാള്‍ രണ്ട് ഡോളര്‍ കുറഞ്ഞനിരക്കിലാണ് അമെരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തുക. ഇന്നലത്തെ മാര്‍ക്കറ്റ് വില അനുസരിച്ചാണെങ്കില്‍ ബാരലിന് 50 ഡോളര്‍ വിലയിലാവും ഇന്ത്യന്‍ കമ്പനികള്‍ക്ക് അമെരിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍ ലഭിക്കുക.
വിലകുറഞ്ഞ ക്രൂഡോയിലുമായി അമെരിക്കയില്‍ നിന്നുള്ള ആദ്യ കപ്പല്‍ കഴിഞ്ഞ തിങ്കളാഴ്ച്ച മുബൈ തീരത്ത് എത്തിച്ചേര്‍ന്നു. രണ്ട് മില്ല്യണ്‍ ബാരല്‍ ക്രൂഡോയിലാണ് ആദ്യ കപ്പലില്‍ എത്തിയിരിക്കുന്നത്. ലഭ്യമാവുന്ന വിവരം അനുസരിച്ച് മാര്‍ച്ച് മാസത്തിനുള്ളില്‍ ഇനി എട്ടുകപ്പല് ക്രൂഡോയില്‍ കൂടി ബിപിസിഎല്ലിനും ഐഒസിക്കുമായി എത്തും. ക്രൂഡോയില്‍ കയറ്റുമതി വിപണിയിലേക്ക് യുഎസ് പ്രവേശനം ഉപയോക്താക്കള്‍ക്ക് പെട്രോള്‍ ചിലവ് കുറയ്ക്കുന്നതിന് സഹായകമാകുമോ എന്ന കാര്യത്തില്‍ കമ്പനികള്‍ ഉത്തരം നല്‍കുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് വാഷിംഗ്ടണില്‍ നടന്ന ജൂണ്‍ ഒന്നിന് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇറക്കുമതിയ്ക്ക് കളമൊരുങ്ങിയത്. നിലവില്‍ ക്രൂഡോയില്‍ വിലയില്‍ പിന്നോട്ട് ഇറക്കമാണെങ്കിലും ഇതുവരെ വിപണി വില കുറയ്ക്കുന്ന സമീപനം കമ്പനികളില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇന്നലെ വരെ ലിറ്ററിന് പത്ത് പൈസയുടെ വർധന വരുത്തുകയായിരുന്നു കമ്പനികള്‍.