തിരുവനന്തപുരം: കോടതിയെയും ഭരണനിര്‍വഹണ കേന്ദ്രങ്ങളെയും ദൃശ്യമാധ്യമങ്ങള്‍ പ്രകോപിപ്പിക്കുന്നെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലന്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 25-ാം ടെലിവിഷന്‍ അവാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ കടന്നാക്രമണം രൂക്ഷമായ സംസ്ഥാനമാണ് കേരളം. മാധ്യമ ചര്‍ച്ചകള്‍ മിക്കപ്പോഴും ഏകപക്ഷീയമായുന്നു. നിരുപദ്രവകാരികളായ ടെലിവിഷന്‍ വാര്‍ത്തകള്‍ പലരുടെയും സ്വകാര്യതയില്‍ വരെ കടന്നുകയറുന്ന ഒന്നായി ഇന്ന് മാറുന്നു. കാഴ്ച്ചകാരെ പിടിച്ചിരുത്താന്‍ എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് ചാനലുകള്‍ എത്തപ്പെട്ടിരിക്കുന്നെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ കലാസൃഷ്ടികളായി മാറുന്നെന്നും സത്യസന്ധത ചോദ്യംചെയ്യപ്പെടുന്നെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ടെലിവിഷന്‍ അവാര്‍ഡ് ബുക്ക് ശിവകുമാര്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന് നല്കി പ്രകാശിപ്പിച്ചു. ആവാര്‍ഡ് തുക 20,000 രൂപയായി ഉയര്‍ത്തണമെന്ന് ചടങ്ങില്‍ സംസാരിച്ച സാഹിത്യകാരന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. അര്‍ഹരായ 63 പേര്‍ക്ക് സംസ്ഥാന ടെലിവിഷന്അവാര്ഡുകള് വിതരണം ചെയ്തു.