തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി അത്യാധുനിക റേഡിയേഷന്‍ ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആധുനിക റേഡിയേഷന്‍ ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്‌സിലേറ്റര്‍ സ്ഥാപിക്കുന്നതിന് കെട്ടിടം ഉള്‍പ്പെടെ 11.80 കോടി രൂപ ചിലവ് വരും.
ഇതിന്റെ ആവശ്യാര്‍ത്ഥം 8 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ബാക്കി വേണ്ടിവരുന്ന 3.80 കോടി രൂപ കണ്ടെത്തി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി ഉപകരണം വാങ്ങുന്നതിന് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആശുപത്രിയെ രോഗീസൗഹൃദമാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി. ട്രാന്‍സ്ഫര്‍മേഷന്‍ നടത്തുന്നതിലേക്ക് 8.93 കോടി രൂപ അനുവദിച്ചിരുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുക.നാഷണല്‍ ഹെല്‍ത്ത് മിഷനും എച്ച്.എല്‍.എലും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളേജിലേക്കായി സി.ടി സ്‌കാന്‍, മോര്‍ച്ചറിക്കായി പുതിയ കെട്ടിടം, പുതിയ ഹീമോഫീലിയ വാര്‍ഡ്, പുതുതായി ഒരു കാത്ത് ലാബ്, പുതിയ കാഷ്വാലിറ്റി ബ്ലോക്ക് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ 2018-ഓടെ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്നും കോട്ടയം മെഡിക്കല്‍ കോളേജിനെ അക്ഷരാര്‍ത്ഥത്തില്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.