ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പാര്‍ട്ടി നേതൃസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ മല്ലികാർജുൻ ഖാർഗെയ്ക്കാണ് ഇനി മഹാരാഷ്ട്രയുടെ ചുമതല. കൂടാതെ മറ്റു പലര്‍ക്കും പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ജെഡി സീലം, മഹേന്ദ്ര ജോഷി എന്നിവര്‍ സെക്രട്ടറിമാരായി നിയമിച്ചു. അതുകൂടാതെ ശശികാന്ത് ശര്‍മയെ ജോയിന്റ്‌ സെക്രട്ടറിയും നിയമിച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി)യുടെ ചുമതല പാര്‍ട്ടി ജനറൽ സെക്രട്ടറിയ്ക്കായിരിക്കും.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഒഡീഷ, മിസോറാം എന്നിവിടങ്ങളിൽ കോൺഗ്രസ് നിര്‍വാഹക സമിതിയും രൂപീകരിച്ചിരിയ്ക്കുകയാണ്. അതനുസരിച്ച് മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ രാജസ്ഥാന്‍റെയും, മധുസൂദൻ മിസ്ത്രി മധ്യപ്രദേശിന്‍റെയും, ഭുവനേശ്വർ കാലിത ഛത്തീസ്ഗഢ് നിര്‍വാഹക സമിതിയുടെയും അധ്യക്ഷ പദവി അലങ്കരിക്കും.

രാജസ്ഥാൻ നിര്‍വാഹക സമിതിയുടെ അധ്യക്ഷ പദവിയില്‍ ലളിതേശ്വര്‍ ത്രിപാഠി, ഷക്കീർ സനാദി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്‌. കൂടാതെ ഛത്തീസ്ഗഡ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയില്‍ നിതാ ഡിസൂസ, അജയ് കുമാർ ലാലു എന്നിവരും രോഹിത് ചൗധരി, അശ്വിൻ കോത്വാല്‍ എന്നിവർ ഛത്തീസ്ഗഢ് നിര്‍വാഹക സമിതിയുടെ ചുമതലയും ഏറ്റെടുക്കും.

ഒഡീഷ നിര്‍വാഹക സമിതിയുടെ അധ്യക്ഷനായി വി ടി സതീശനെയാണ് നിയമിച്ചിരിക്കുന്നത്. സമിതി അംഗങ്ങളായി ജീതൻ പ്രസാദ്, നൗഷാദ് സോളങ്കി എന്നിവരുമുണ്ട്. മിസോറാം നിര്‍വാഹക സമിതി ചെയർമാനായി ലുസിനിഹോ ഫ്ലെറിയോയെ നിയമിച്ചു.