ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് പന്ത്രണ്ട് മണിയോടെ ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
2008ല്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം കുളിമുറിയില്‍ വഴുതിവീണ് അബോധാവസ്ഥയിലായത്. അപ്രത്യക്ഷമായാണ് അദ്ദേഹത്തിന്റെ ജീവിതത്തെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് പക്ഷാഘാതം പിടിപെട്ടത്. തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷം അപ്പോളോ അശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തലച്ചോറിലേയ്ക്കുളള രക്തയോട്ടത്തിന് തടസ്സം നേരിട്ടതോടെ പരിഹരിക്കാനാകാത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കി. ശ്വസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കൃത്രിമ സംവിധാനങ്ങളൊരുക്കിയാണ് അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ മറികടന്നിരുന്നത്. രക്തസമ്മര്‍ദ്ദം, ശ്വസിക്കല്‍, ഉറക്കം ഉണരല്‍ എല്ലാം സാധാണഗതിയിലായിരുന്നു. എന്നാല്‍ അദ്ദേഹം പരിസരത്തെ കുറിച്ച് ബോധവാനായിരുന്നില്ല. ജര്‍മ്മനിയില്‍ കൊണ്ടുപോയി സ്റ്റെം സെല്‍ ചികിത്സ ഉള്‍പ്പെടെയുള്ളവ നല്‍കിയിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായിരുന്നു ഈ ചികിത്സ. എന്നാല്‍ ഇതൊന്നും ഫലംകണ്ടിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന്റെ സ്ഥിതി തീര്‍ത്തും മോശമായിരുന്നു.
ഇടത്പക്ഷത്തിനെതിരെ ശക്തമായ നിലപാട് എക്കാലത്തും സ്വീകരിച്ച വ്യക്തിയായിരുന്നു പ്രിയ രഞ്ജന്‍ദാസ് മുന്‍ഷി. യുത്ത് കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. പശ്ചിമബംഗാള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിക്കെ 1971ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് വിജയിക്കുന്നത്. 1971 മുതല്‍ തുടര്‍ച്ചയായി 2009വരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അദ്ദേഹം. 1984ല്‍ രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ വാണിജ്യ വകുപ്പ് സഹമന്ത്രിയായി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ 2004 മുതല്‍ 2008 വരെ വാര്‍ത്താ വിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയരഞ്ജന്‍ കിടപ്പിലായതോടെ ഭാര്യ ദീപയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി.
എഐസിസി ജനറല്‍ സെക്രട്ടറി, പ്രവര്‍ത്തകസമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചു. പ്രമുഖ കായികസംഘാടകന്‍ കൂടിയായ മുന്‍ഷി ഇരുപത് വര്‍ഷത്തോളം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പിലെ മാച്ച് കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ച ആദ്യ ഇന്ത്യക്കാരനും മുന്‍ഷിയായിരുന്നു. ദീപാ ദാസ് മുന്‍ഷിയാണ് ഭാര്യ. മകന്‍ പ്രിയദീപ് ദാസ് മുന്‍ഷി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് പ്രിയരജ്ഞന്‍ ദാസ് മുന്‍ഷിയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.