കോഴിക്കോട്:ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്തു കൊന്നു.ബാലുശ്ശേരി നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയില്‍ താമസിക്കുന്ന റിന്‍ഷയാണ് സ്വന്തം കുഞ്ഞിനോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്.ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്.റിന്‍ഷയെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പ്രസവശേഷമുള്ള നിലയ്ക്കാത്ത രക്തസ്രാവത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. നവജാത ശിശുവിനെ പ്രസവം നടന്ന്മിനുട്ടുകള്‍ക്കുള്ളിലാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു.പ്രസവം നടന്നയുടനെ ബ്ലെയ്ഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തില്‍ മുറിവുണ്ടാക്കിയാണ് കൊലപ്പെടുത്തിയത്.കൊലപാതകത്തില്‍ റിന്‍ഷയെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് താമരശ്ശേരി ഡി വൈ എസ് പി ബിജുരാജ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ 1.30 ഓടെ വീട്ടില്‍ നിന്ന് റിന്‍ഷയുടെയും കുഞ്ഞിന്റെയും കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ റിന്‍ഷയുെട അമ്മ ആരെയും അകത്തേക്ക് കയറാന്‍ അനുവദിച്ചില്ല.ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ പിറകില്‍ സഞ്ചിയിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രണ്ടര വര്‍ഷത്തോളമായി റിന്‍ഷ ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു.തുടര്‍ന്ന് മറ്റൊരാളുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.റിന്‍ഷ ഗര്‍ഭിണിയായ വിവരവും വീട്ടുകാര്‍ മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു.അതിനാല്‍ തന്നെ കുഞ്ഞ് ജനിച്ചപ്പോള്‍ അപമാനമാകുമെന്ന് ഭയന്നാകും കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
വീട്ടില്‍ വെച്ച് നടന്ന പ്രസവത്തിന് സഹായിച്ചത് റിന്‍ഷയുടെ അമ്മയാണ്.സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു.കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.ആശുപത്രിയില്‍ കഴിയുന്ന റിന്‍ഷയെ പിന്നീട് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.റിന്‍ഷയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.റിന്‍ഷയുടെ സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.