കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചത് ചികില്‍സാപ്പിഴവു മൂലമെന്ന് ബന്ധുക്കളുടെ പരാതി.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചേമഞ്ചേരി സ്വദേശി ബൈജുവിന്റെ മരണത്തിലാണ് ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ 13 നാണ് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ബൈജുവിന് താക്കോല്‍ ദ്വാര സര്‍ജറി നടത്തിയത്.രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബൈജുവിന്റെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.സര്‍ജറിക്കുശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി.അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.