കൊല്ലം:കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദിച്ചവശനാക്കിയ അന്യസംസ്ഥാനത്തൊഴിലാളി മരിച്ചു.പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.സംഭവത്തില്‍ പനയഞ്ചേരി തെങ്ങുവിളയില്‍ ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫ് കീഴടങ്ങി.
കഴിഞ്ഞമാസം 25-നാണ് ഒരു വീട്ടില്‍നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് വരികയായിരുന്നു മാണിക് റോയിയെ പനയഞ്ചേരിയില്‍ വെച്ച് ശശിധരക്കുറുപ്പും ആസിഫും ചേര്‍ന്ന് മര്‍ദിച്ചത്.കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം.മോഷ്ടിച്ചതല്ലെന്നു പറഞ്ഞിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നു.ഒടുവില്‍ കോഴിയെ വിറ്റ വീട്ടുകാര്‍ വന്നുപറഞ്ഞപ്പോഴാണ് ഇവര്‍ മര്‍ദനം നിര്‍ത്തിയത്.എന്നാല്‍ അപ്പോഴേക്കും മര്‍ദനമേറ്റ്‌ അവശനായ മണിക് റോയിയെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ മതിയായ ചികില്‍സ ചെയ്യാതെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് വാങ്ങിപ്പോയ ഇയാള്‍ കഴിഞ്ഞദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ ഒപ്പമുണ്ടായിരുന്നവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മര്‍ദനത്തില്‍ തലയ്‌ക്കേറ്റ മുറിവില്‍ അണുബാധയുണ്ടായതും മതിയായ ചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.അഞ്ചല്‍ സി.ഐ. ടി.സതികുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.