തിരുവനന്തപുരം:കോവളത്തും തുമ്പ വി.എസ്.എസ്.സിക്ക് സമീപവും അജ്ഞാത ഡ്രോണുകള്‍ കണ്ടതില്‍ ദുരൂഹത.സംഭവത്തില്‍ പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.കോവളത്ത് രാത്രി പട്രോളിംഗിനിറങ്ങിയ പോലീസുകാരാണ് ഒരുമണിയോടെ സമുദ്രാ ബീച്ചിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. ബീച്ചില്‍ നിന്ന് തീരത്തിന്റെ വടക്കുഭാഗത്തേക്ക് ഡ്രോണ്‍ നീങ്ങിയതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
പുലര്‍ച്ചെ മൂന്നുമണിയോടെ തുമ്പ വി.എസ്.എസ്.സിയുടെ മെയിന്‍ സ്റ്റേഷന് മുകളിലായും ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാര്‍ കണ്ടെത്തി. വിമാനത്താവളത്തിന്റെ റഡാറിലും മറ്റു സുരക്ഷാ സംവിധാനത്തിലൊന്നും ഡ്രോണ്‍ പതിഞ്ഞിട്ടില്ല.
പുല്‍വാമാ ഭീകരാക്രമണത്തിനു പിന്നാലെ കേരളത്തിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.