തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ത്ഥികളോട് വിരാട് കോഹ്ലി പറഞ്ഞു: ‘ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ’. കുട്ടികളും കൂടെ നിന്നവരും അതേറ്റു പറഞ്ഞതോടെ കേരളാ പൊലീസിന്റെ ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്’ പ്രചരണ പരിപാടിക്ക് ഔദ്യോഗിക തുടക്കമായി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെയാണ് കേരളാ പൊലീസ് ലഹരി മരുന്നുകള്‍ക്ക് എതിരെയുള്ള പ്രചരണം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ടീം അംഗങ്ങളായ ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ക്രിക്കറ്റ് താരങ്ങളും മുഖ്യമന്ത്രിയും സ്റ്റേഡിയത്തിലെത്തിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. ജീവിതത്തില്‍ ലഹരിയെ അകറ്റി നിറുത്തണമെന്ന മുഖ്യമന്ത്രിയുടെയും വിരാട് കോഹ്ലിയുടെയും അഭ്യര്‍ത്ഥന ആരവത്തോടെയാണ് ഗ്യാലറിയില്‍ നിറഞ്ഞ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനത്തെ ചുറ്റിയെത്തിയപ്പോള്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഫുട്ബാള്‍ താരം ഐ.എം വിജയന്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച നൃത്തവും കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മൈതാനത്തുള്ളവര്‍ ഏറ്റുചൊല്ലി. മൈതാനത്തിന് പുറത്തും സമീപത്തെ കടകള്‍ക്ക് മുകളിലും പരിപാടി കാണാന്‍ ജനം നിറഞ്ഞിരുന്നു.
തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള മൊമന്റോ മുഖ്യമന്ത്രി നല്‍കി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉത്പന്നങ്ങള്‍ക്ക് അടിമകളാകാതെ അവരെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പരിപാടി സംഘടിപ്പിച്ചത്. ഡി. ജി. പി ലോക്നാഥ് ബെഹ്റ, പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.