നെയ്യാറ്റിന്‍കര: മാരായമുട്ടം ക്വാറി ദുരന്തം വിജിലന്‍സ് അന്വേഷിക്കും. ലൈസന്‍സില്ലാതെ ക്വാറി പ്രവര്‍ത്തിച്ചിരുന്ന സാഹചര്യം കണക്കിലെടുത്താണ് അന്വേഷണം വിജിലന്‍സിന് കൈമാറിയത്. പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ ഒളിവിലായിരുന്ന മാരായമുട്ടം ക്വാറി പാട്ടത്തിനെടുത്ത് നടത്തിയിരുന്ന കാരക്കോണം കുന്നത്തുകാല്‍ അരുവിയോട് അലോഷ്യസിനെ (52) ഇന്നലെ രാത്രിയോടെ തമിഴ്‌നാട്ടില്‍ നിന്ന് നെയ്യാറ്റിന്‍കര സി.ഐ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ക്വാറി പ്രവര്‍ത്തിച്ചിരുന്ന വസ്തുവിന്റെ ഉടമയായ കവടിയാര്‍ നന്തന്‍കോട് നളന്ദ ജംഗ്ഷന്‍ അശ്വതിയില്‍ സുകുമാരനെ (77) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്വാറി ഉടമയ്ക്കും വസ്തു ഉടമയ്ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മാരായമുട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് അലോഷ്യസ്.

ക്വാറി പ്രവര്‍ത്തിച്ചിരുന്ന വസ്തു മുന്‍പ് അലോഷ്യസിന്റേതായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി അലോഷ്യസ് ഈ ഭൂമിയില്‍ ഖനനം നടത്തുകയാണ്. കഴിഞ്ഞ ഏഴ് മാസം മുമ്പാണ് വസ്തു സുകുമാരന് വിറ്റത്. ശേഷം ക്വാറി പാട്ടത്തിനെടുക്കുകയായിരുന്നു. നേരത്തെ ക്വാറിക്ക് ലൈസന്‍സുണ്ടായിരുന്നു. എന്നാല്‍, നാലു വര്‍ഷം മുമ്പ് പെര്‍മിറ്റ് പുതുക്കുന്ന സമയം എന്‍വയോണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് കിട്ടായാതോടെ ലൈസന്‍സ് നഷ്ടമായി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇതിനു മുന്‍പ് പല പ്രാവശ്യം മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ക്വാറിക്ക് സ്‌റ്റോപ്പ് നോട്ടീസ് നല്‍കുകയും ക്വാറി ഉടമയില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിട്ടുണ്ടെന്ന് മൈനിംഗ് ആന്റ് ജിയോളജി വിഭാഗം അധികൃതര്‍ പറഞ്ഞു.