ഹിന്ദിയില്‍ കങ്കണ റണാവത്ത് നായികയായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീന്‍ നാല് ഭാഷകളിലായി റീമേക്കിനൊരുങ്ങുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. ക്വീനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണയ്ക്ക് ലഭിച്ചിരുന്നു.
റാണി മെഹ്റ എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ക്വീന്‍. കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചയാള്‍ തള്ളിക്കളഞ്ഞതോടെ ഫ്രാന്‍സിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്ന റാണിയുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഫ്രാന്‍സിലെ ജീവിതം റാണിയെ മാറ്റിമറിക്കുന്നു. കൂടുതല്‍ ആത്മവിശ്വാസവും ഉള്‍ക്കാഴ്ചകളും ലഭിച്ച് ഒടുവില്‍ തിരിച്ചെത്തുന്നു.
ഹിന്ദിയില്‍ കങ്കണ റണാവത്ത് തകര്‍ത്തഭിനയിച്ച വേഷം അത്രതന്നെ മനോഹരമായി ചെയ്യാന്‍ നാല് ഭാഷ്കളിലെയും നായികമാര്‍ തയ്യാറായിക്കഴിഞ്ഞു. മലയാളത്തില്‍ മഞ്ജിമയാണ് റാണി മെഹ്റയാകുന്നത്. തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്നയും കന്നഡയില്‍ പരുള്‍ യാദവും നായികമാരാകും.
നാല് ഭാഷകളിലും ഒരേ സമയമാണ് ചിത്രീകരണം നടക്കുന്നത്. റാണി മെഹ്റയുടെ ഫ്രാന്‍സിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി നാല് നായികമാരും ഫ്രാന്സിലെത്തിക്കഴിഞ്ഞു.