തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണെന്നും ഇതുസംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും ക്ഷേത്രജീവനക്കാരും തന്നെയാണ്. എന്നാല്‍ ഇതിനെ ചിലര്‍ വര്‍ഗീയ മുതലെടുപ്പിനായി ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 
സത്യം മറച്ചുവെച്ചാണ് ക്ഷേത്രം പിടിച്ചെടുക്കുന്നുെവന്നൊക്കെ പ്രചരിപ്പിക്കുന്നത്. സ്വത്ത് കൈയ്യടക്കാനാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നൊക്കെ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയാണ്. ക്ഷേത്ര സ്വത്ത് അന്യാധീനപ്പെട്ട് പോകാതിരിക്കാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. നിരവധി ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ഗ്രാന്റ് നല്‍കി സഹായിക്കുന്നുണ്ട്. ക്ഷേത്രത്തിലെ പണം സര്‍ക്കാര്ഡ ഖജനാവിലേക്ക് പോകുന്നുവെന്ന കള്ളപ്രചരണം ഇനിയെങ്കിലും അവസാനിപ്പിക്കണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഹൈന്ദവആരാധനാലയങ്ങള്‍ മാത്രം മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന പ്രചരണവും കണ്ടു. ഇത് തെറ്റിദ്ധാരണയാണ്. തര്‍ക്കത്തെയും സംഘര്‍ഷത്തെയും തുടര്‍ന്ന് നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും, മുസ്ലീം പള്ളികളും അടച്ചിട്ടുണ്ട് ഇതേ കേരളത്തില്‍. 100 വര്‍ഷത്തോളം പഴക്കമുള്ള കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമഅത്ത് പള്ളി, കക്കോവ് ജുമാമസ്ജിദ്, ചാമപ്പറമ്ബ് ജുമാമസ്ജിദ്, തൃക്കുന്നത്ത് പള്ളി, മാമലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളി തുടങ്ങി നിരവധി ദേവാലയങ്ങള്‍ അടച്ചുപൂട്ടിയ സംഭവങ്ങള്‍ക്ക് കേരളയീര്‍ സാക്ഷികളാണ്.  
ഇവിടെ ക്രമക്കേട് മൂലം ഭരണം താളം തെറ്റിയ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് നടന്നിരിക്കുന്നത്. സംഘര്‍ഷമേഖലയായി ക്ഷേത്രഭൂമി മാറ്റാന്‍ ശ്രമിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്. മറ്റൊരു പ്രചാരണം ഒരു നേരം വിളക്ക് തെളിക്കാന്‍ പോലും വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡുകള്‍ ഏറ്റെടുക്കുന്നില്ലെന്നാണ്. ഇത് വിവരക്കേടാണെന്ന് വിനയത്തോടെ പറയട്ടെ. നിരവധി ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് തുക കൊണ്ടാണ് നിത്യപൂജ അടക്കമുള്ള ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മന്ത്രി പറഞ്ഞു.