ശ്രീഹരിക്കോട്ട:ചരിത്രമുഹൂര്‍ത്തത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം നാളെ നടക്കും. ജൂലൈ 15ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാര്‍മൂലം മാറ്റിവച്ച ദൗത്യമാണ് നാളെ നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന് നിന്ന് നാളെ ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായി.വൈകിട്ട് 6.43-ന് 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി.
ജി.എസ്.എല്‍.വി. മാര്‍ക്ക്3 വിക്ഷേപണ റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കുന്നത്. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചാന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വെക്കുന്നത്.
വിക്ഷേപണം നിശ്ചയിച്ചതിലും ഒരാഴ്ച വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിരിക്കുന്നത്. ആദ്യം തീരുമാനിച്ചതില്‍ നിന്നും യാത്രാപദ്ധതിയില്‍ മാറ്റം വരുത്തിയാണ് വിക്ഷേപണം നടത്തുന്നത്.
