ബെംഗളൂരു:കർണാടകയുടെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരി ടിപ്പു സുൽത്താനെ കുറിച്ചുള്ള പാഠഭാഗം ഉടൻ തന്നെ സ്കൂൾ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുൻകൈയ്യെടുക്കും എന്ന് മാധ്യമങ്ങളോടു പറഞ്ഞു. കൊഡഗിൽ നിന്നുള്ള എംഎൽഎയുടെ ആവശ്യത്തെത്തുടർന്നാണ് മുഖ്യമന്ത്രി ഇക്കാര്യം പരിഗണിക്കുന്നത്. പ്രശ്നങ്ങളെ വഴിതിരിച്ചുവിടാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് കോൺഗ്രസ് പറഞ്ഞു.
നവംബർ 10 ന് ആഘോഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ ജന്മവാർഷികം സംസ്ഥാനം ഇനി മേലിൽ ആഘോഷിക്കില്ലെന്ന് ബിജെപി ഇതിനകം പറഞ്ഞിട്ടുണ്ട്.
“മൈസൂർ കടുവ” എന്ന ടിപ്പുസുൽത്താനെ നായകനും സ്വാതന്ത്ര്യസമരസേനാനിയും ആയി പ്രഖ്യാപിക്കുകയും അധികാരത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ കോൺഗ്രസ് സംസ്ഥാന ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തു.എന്നാൽ ബിജെപി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ വർഗീയവാദിയും സ്വേച്ഛാധിപതിയുമായാണ് കാണുന്നത്.
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ടിപ്പു സുൽത്താനെ ഒരു സ്വാതന്ത്ര്യ സമരസേനാനിയായി കണക്കാക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഞാൻ അതിനോട് യോജിക്കുന്നില്ല എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻപ് സംസ്ഥാന തലത്തിൽ നടന്ന ടിപ്പു ജയന്തി ആഘോഷങ്ങൾക്കെതിരെ ബി ജെ പി അക്രമാസക്തമായ പ്രതിഷേധം സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചിരുന്നു . അന്തരിച്ച പ്രശസ്ത നാടകകൃത്ത് ഗിരീഷ് കർണാട് “ദി ഡ്രീംസ് ഓഫ് ടിപ്പു സുൽത്താൻ” എന്ന നാടകത്തിൽ ടിപ്പുവിനെ മഹത്വവത്കരിച്ചതിനാൽ സംഘപരിവാർ സംഘടനകളുടെ വധഭീഷണി നേരിടുകയും ചെയ്തിരുന്നു.