ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉപരോധത്തെത്തുടര്‍ന്ന് അകല്‍ച്ചയിലായ ഇരു രാജ്യങ്ങളും കൂടുതല്‍ അകലുകയാണ് എന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍ കനാല്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് സൗദി. 60 കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഖത്തര്‍ പൂര്‍ണമായും ഒറ്റപ്പെട്ട പ്രദേശമായി മാറും.

സാല്‍വ കനാല്‍ എന്ന് സൗദി വിശേഷിപ്പിച്ച കനാല്‍ നിര്‍മ്മിക്കാന്‍ തയ്യാറായി അഞ്ച് അന്താരാഷ്ട്ര കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 25ന് ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ നടക്കും. എത്രയും പെട്ടെന്ന് നിര്‍മ്മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനകം കനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സൗദി ഉദ്ദേശിക്കുന്നതെന്ന് സൗദി ഡെയ്‌ലി മക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

280 കോടി സൗദി റിയാലാണ് കനാലിന്റെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 60 കിലോമീറ്റര്‍ നീളവും 200 മീറ്റര്‍ വീതിയുമുള്ള കനാല്‍ 15-20 മീറ്റര്‍ ആഴത്തിലാകും നിര്‍മ്മിക്കുക. ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് അല്‍പം മാറിയായിരിക്കും ഇത് നിര്‍മ്മിക്കുക. ഒരു കിലോമീറ്റര്‍ മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ അകലമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനാലില്‍ മൂന്ന് തുറമുഖങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂറ്റന്‍ കപ്പലുകള്‍ക്ക് പോലും ഇതിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. സൈനിക കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള പ്രത്യേക സൗകര്യവും ഒരുക്കും. മാത്രമല്ല ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം ഒഴിച്ചിട്ട ശേഷമാകും കനാല്‍ നിര്‍മ്മിക്കുക. ഈ സ്ഥലത്ത് സൈനീക ക്യാംപ് നിര്‍മ്മിക്കാനാണ് സൗദി ഉദ്ദേശിക്കുന്നത്. മേഖലയില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്യും.

പദ്ധതി നടപ്പായാല്‍ ഖത്തറിന്റെ ഏക കരമാര്‍ഗമാകും ഇല്ലാതാകുക. ഇതോടെ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെടും. സൗദിയുടെ ഭൂപരിധിയിലാണ് കനാല്‍ നിര്‍മ്മിക്കുകയെന്നതു കൊണ്ട് ഖത്തറിന് തടയാനോ നിയമപരമായി എതിര്‍ക്കാനോ സാധിക്കില്ല.