മമ്മൂട്ടിയെ നായകനാക്കി പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നു പറയാം. പഞ്ചവര്‍ണ്ണ തത്തയ്‌ക്കേശേഷം പിഷാരടി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു ഗാനമേള ഗായകന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളാണ് ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ പ്രമേയം. കുടുംബജീവിതവും, കലാ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ അശ്രാന്തം പരിശ്രമിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഉല്ലാസിനെ തികച്ചും തന്മയത്വത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള പാടവം ഈ ചിത്രത്തിലും വ്യക്തമാണ്. മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെയല്ല നമുക്കീ സിനിമയില്‍ കാണാനാകുക. നൂറു ശതമാനം അദ്ദേഹം ആ കഥാപാത്രത്തോട്  നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് നമുക്ക് കാണുവാന്‍ സാധിക്കും. ഉല്ലാസ് എന്ന കഥാപാത്രത്തിന്റെ സ്വാഭാവത്തിന് വിപരീതമായി ഒരു അമാനുഷികത്വവും ഇതില്‍ കാണാനില്ല. ആദ്യ പകുതിയില്‍ ചില അനാവശ്യരംഗങ്ങള്‍ കാരണം ഇഴച്ചില്‍ അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതിയോടെ ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. സഹതാരങ്ങളെ അവതരിപ്പിച്ച മനോജ്.കെ.ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, മുകേഷ് എന്നിവര്‍ കൈയടി നേടി. ഉല്ലാസിന്റെ ഭാര്യവേഷം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖമായ വന്ദിത മനോഹരനാണ്. ഇന്നസെന്റ്, സുനില്‍ സുഗദ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൊത്തത്തില്‍ ഒരു ഫാമിലി-കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഈ സിനിമയെ ഉള്‍പ്പെടുത്താം.