മലപ്പുറം:പ്രശസ്ത ഗായിക എസ് ജാനകിയെ കഴിഞ്ഞ വര്‍ഷം മരിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി എസ്എഫ്‌ഐ.നിലമ്പൂര്‍ ഏരിയാ സമ്മേളനത്തില്‍ വായിച്ച അനുശോചന പ്രമേയത്തിലാണ് കഴിഞ്ഞ വര്‍ഷം മരിച്ച പ്രമുഖര്‍ക്കൊപ്പം എസ് ജാനകിക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.എന്നാല്‍ അബദ്ധം സംഭവിച്ചുവെന്ന് വേദിയിലിരുന്ന നേതാക്കള്‍ക്ക് മനസ്സിലായതിനെത്തുടര്‍ന്ന് ഏരിയാ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തില്‍ തെറ്റു തിരുത്തുകയും ചെയ്തു.
അതേസമയം ജീവിച്ചിരിക്കുന്ന ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണുയര്‍ന്നത്.വിഷയത്തില്‍ നേതാക്കള്‍ മാപ്പു പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.സബ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ അനുശോചന പ്രമേയത്തില്‍ ഇത്തരമൊരു തെറ്റ് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് കെ എസ് യു പറയുന്നു.
എന്നാല്‍ സമ്മേളന പ്രതിനിധികള്‍ക്ക് മുന്നില്‍ ഉടന്‍ തന്നെ തെറ്റ് തിരുത്തിയതിനാല്‍ ഇനിയൊരു ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നാണ് എസ് എഫ് ഐയുടെ നിലപാട്.