ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് ജിഗ്‌നേഷ് മത്സരിക്കുക. ട്വിറ്ററിലൂടെ മേവാനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച റാലിക്ക് തൊട്ടുമുന്‍പ് മേവാനിയുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്‌നേഷ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പട്ടേല്‍ സമുദായത്തിന് സംവരണം നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ തുടര്‍ന്നാണ് സഖ്യമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനായി സിറ്റിംഗ് എംഎല്‍എ മണിഭായ് വഘേലയും ബിജെപിക്കായി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവതിയുമാണ് വാദ്ഗാമില്‍ മത്സരിക്കുന്നത്. ഡിസംബര്‍ ഒന്‍പത്, 14 തിയതികളിലായി രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.

അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് ഗുജറാത്തില്‍ ഇന്ന് തുടക്കമാവുകയാണ്. ഡിസംബര്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് നടക്കുന്ന സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലയിലൂടെയാണ് റാലികള്‍ നടക്കുന്നത്. ഇന്ന് എട്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.