ഗുജറാത്ത്: ഗുജറാത്തില്‍ അധികാരത്തിലെത്താനുള്ള തന്ത്രങ്ങളൊരുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കൂട്ടായി രഹസ്യസേന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി വീടുകള്‍കയറിയുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.നാല്‍പത് പേരടങ്ങുന്ന രഹസ്യസംഘം സംസ്ഥാനത്തൊട്ടാകെ യാത്രചെയ്ത് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

രഹസ്യ ഉപദേശക സംഘത്തിന്റെ തലപ്പത്തുള്ളവരെ രാഹുല്‍ ഗാന്ധി നേരിട്ട് നിയമിച്ചതാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ ഇവര്‍ നിശ്ചയിച്ചു. ജനങ്ങള്‍ക്കിടയില്‍ യാത്രചെയ്തും അഭിപ്രായം കേട്ടും തെരഞ്ഞെടുപ്പ് ചലനങ്ങള്‍ അപ്പപ്പോള്‍ ഇവര്‍ രാഹുല്‍ഗാന്ധിയെ അറിയിക്കും. സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയോടും ഗുജറാത്ത് ചുമതലുള്ള അശോക് ഗെഹ്ലോട്ടിനോടും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും 40 അംഗ ടീമിന് നിര്‍ണായക പങ്കുണ്ടാകും. ജനപ്രീതിയില്ലാത്തവര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്നാണ് രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിലപാട്. ഓരോ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും ജനങ്ങളുടെ പ്രതികരണം ഈ രഹസ്യസേന വഴി രാഹുല്‍ ശേഖരിക്കും. അതേസമയം ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ചലിപ്പിച്ചാണ് ഗുജറാത്തില്‍ അമിത് ഷാ പര്യടനം മുന്നോട്ട് കൊണ്ടുപോകുന്നത്.
ബൂത്ത് ചുമതലയുള്ളവരുടെ പ്രത്യേക യോഗം വിളിച്ച അമിത് ഷാ സമ്പര്‍ക്ക് അഭിയാന്‍ എന്ന പ്രചാരണ പരിപാടി ഇന്നുമുതല്‍ അഞ്ചു ദിവസം നടത്താന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഗുജറാത്ത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കും.