അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും തുറന്നടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍. ഗുജറാത്തിലെ സാധാരണക്കാരുടെ ‘ശബ്ദം’ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതിലവര്‍ പരാജയപ്പെടുമ്പോള്‍ അവരെ വിലയ്ക്കു വാങ്ങാനും ശ്രമിക്കുന്നു. എത്ര പണം ചിലവഴിച്ചാലും ഗുജറാത്തിലെ യുവാക്കളെ വിലയ്ക്കു വാങ്ങാന്‍ നിങ്ങള്‍ക്കാവില്ല – രാഹുല്‍ പറഞ്ഞു. വിശാല സഖ്യത്തിന് രൂപം കൊടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗുജറാത്തില്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി അഭിപ്രായ പ്രകടനം നടത്തിയത്.

ഗുജറാത്തിലെ എല്ലാ ജനവിഭാഗങ്ങളും ഞങ്ങള്‍ക്കൊപ്പമാണ്. കഴിഞ്ഞ 22 വര്‍ഷമായി ബിജെപി സര്‍ക്കാര്‍ അഞ്ചോ പത്തോ വ്യവസായികള്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. യുവാക്കള്‍ക്കു വേണ്ടത് ജോലിയും വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയുമാണ്. അവ നല്‍കാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വ്യവസായികളെ സഹായിക്കുന്നതില്‍ മാത്രമാണ് അവരുടെ ലക്ഷ്യം. വ്യവസായികള്‍ക്കു വേണ്ടി ചിലവഴിക്കുന്ന പണം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ഉപയോഗിക്കാമായിരുന്നു. 35,000 കോടി രൂപയാണ് ടാറ്റാ കമ്പനിക്കായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു