ഗെയ്ല്‍ വാതക പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ സമരരംഗത്ത് ഇറങ്ങിയ പ്രദേശവാസികളെ പൊലീസ് നരനായാട്ടിലൂടെ നേരിട്ട സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദനു പിന്നാലെ സര്‍ക്കാര്‍ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രദേശവാസിയായ യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ യുവാവ് എഴുതിയ കമന്റാണ് വൈറലായത്. കമ്മ്യൂണിസ്റ്റുകാരനായ താങ്കള്‍ എന്നുമുതലാണ് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് ദാസ്യവേല ചെയ്തു തുടങ്ങിയതെന്നാണ് കമന്റിലൂടെ യുവാവ് ചോദിക്കുന്നത്.
വൈറലായ കമന്റിന്റെ പൂര്‍ണരൂപം:
കേരള മുഖ്യമന്ത്രിയോട് സ്‌നേഹപൂര്‍വ്വം. സഖാവെ, ഗെയില്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന നരനായാട്ട് താങ്കള്‍ അറിഞ്ഞിട്ടുണ്ടോ? സര്‍ക്കാര്‍ നയങ്ങളെ വിയോജിക്കുന്നവരെയും പ്രതികരിക്കുന്നവരെയും അടിച്ചമര്‍ത്തുക എന്നത് ഫാസിസ്റ്റ് രീതിയാണ്. അത് ജനാധിപത്യ മര്യാദക്ക് യോജിച്ചതല്ല. തികഞ്ഞ കമ്യുണിസ്റ്റുകാരനായ താങ്കള്‍ എന്ന് മുതലാണ് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് ദാസ്യവേല ചെയ്ത് തുടങ്ങിയത്?.ഗെയ്ല്‍ വാതക ലൈന്‍ ഒരു വികസനമാണെന്നാണോ താങ്കളുടെ ധാരണ?. ജനങ്ങള്‍ നികുതി അടക്കുന്ന ഭൂമി പിടിച്ച് പറിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നത് വികസനമല്ല. അതൊരു കീഴ്‌പെടലാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെയും സാധാരണക്കാരുടെയും നേതാവെന്ന് ‘അവകാശപ്പെടുന്ന താങ്കളെ പോലുള്ളവര്‍ ബൂര്‍ഷ്വാ കുത്തക മുതലാളിത്വത്തിന് കീഴ്‌പ്പെടുന്നത് കേരളീയ സമൂഹത്തിന് നാണക്കേടാണ്. പറയാന്‍ മടിക്കുന്ന നാവും ഉയരാന്‍ മടിക്കുന്ന കൈകളും അടിമത്വത്തിന്റേതാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ അരുതെന്ന് പറയാന്‍ ചങ്കൂറ്റം കാണിക്കണം സാര്‍. എല്ലാ സ്വേച്ഛാധിപന്‍മാരുടെയും സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന ചരിത്ര സത്യം താങ്കള്‍ക്കറിയാമല്ലോ?.